Type Here to Get Search Results !

കൊറോണ: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലും ശ്രദ്ധ വേണം, മുന്നറിയിപ്പ്

കൊച്ചി: ലോകം ഒന്നാകെ കൊറോണ വൈറസ് ഭീതിയിലാണ്. കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയ്ക്ക് എതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ച്‌ നല്‍കുന്ന മുന്നറിയിപ്പ്. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകുന്നത് വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ സഹായകമാണ്. എന്നാല്‍ ഇതിന് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഇതിന്റെ പ്രയോജനം ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യം ഫോണിന്റെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് മൊബൈല്‍ ഫോണ്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും ഇടവിട്ട് കോട്ടണ്‍ തുണി ഉപയോഗിച്ച്‌ തുടയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ വില്യം കീവില്‍ പറയുന്നത്. അല്‍ക്കഹോള്‍ അടങ്ങിയ വൈപ്പ്‌സ് ഉപയോഗിച്ച്‌ ഫോണിന്റെ മുമ്ബിലും പുറകിലും തുടയ്ക്കുന്നത് വൈറസുകള്‍ ഇല്ലാതാകാന്‍ സഹായിക്കുമെന്ന് വില്യം പറയുന്നു. വിപണിയില്‍ ലഭ്യമായ പുതിയ മോഡല്‍ ഫോണുകള്‍ എല്ലാം ദ്രവരൂപത്തിലുളള വസ്തുക്കളെ പ്രതിരോധിക്കാന്‍ ശേഷിയുളളതാണ്. അതുകൊണ്ട് കുറഞ്ഞ പക്ഷം നനഞ്ഞ തുണി ഉപയോഗിച്ച്‌ സ്‌ക്രീന്‍ തുടയ്ക്കാനെങ്കിലും ശ്രമിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ദ്രവരൂപത്തിലുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നത് ചില മോഡലുകള്‍ക്ക്് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കാം. അതുകൊണ്ട് സ്‌ക്രീന്‍ കവര്‍ ഇടുന്നത് നല്ലതാണ്. പല മോഡലുകളുടെയും ഡിസ്‌പ്ലേകളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സെറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദ്രവരൂപത്തിലുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ സ്‌ക്രീന്‍ തുടയ്ക്കുന്നത് ഫിംഗര്‍പ്രിന്റ് സെന്‍സെറുകള്‍ക്ക് കേടുപാട് സംഭവിക്കാന്‍ ഇടയാക്കാം. സ്‌ക്രീന്‍ കവര്‍ ഇതില്‍ നിന്ന് പരിരക്ഷ നല്‍കും. തുടര്‍ന്ന് അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍ വൈപ്പ്‌സ് ഉപയോഗിച്ച്‌ ഫോണ്‍ വൃത്തിയാക്കാവുന്നതാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫോണ്‍ ഉപയോഗത്തിന് മുമ്ബും പിമ്ബും കൈകള്‍ സോപ്പിട്ട് കഴുകുന്നതാണ് ഏറ്റവും നല്ല പ്രതിവിധി.
ദിവസത്തില്‍ രണ്ട് തവണ( സാധിക്കുമെങ്കില്‍ നാല് മണിക്കൂറിന് ഇടയ്ക്ക്) മൊബൈല്‍ വൃത്തിയാക്കുക. ദൂരെ യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഫോണ്‍ പരമാവധി പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. മുഖവുമായുളള നേരിട്ടുളള സമ്ബര്‍ക്കം ഒഴിവാക്കാമെന്നതിനാല്‍ ഹെഡ്‌ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ എന്നിവ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ ഹെഡ്‌ഫോണിന്റെയും ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ എന്നിവയുടെ പുറമേയുളള ഭാഗങ്ങളും അണുനാശിനിയില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിച്ച്‌ തുടയ്ക്കുന്നത് നല്ലതാണ്.