Type Here to Get Search Results !

Study Abroad- കേരളത്തിലെ കുട്ടികൾ നാടുവിടുന്നത് ഇപ്പോഴെങ്കിലും തിരിച്ചറിയാൻ ഇവിടുത്തെ ഭരണകർത്താക്കൾക്ക് കഴിഞ്ഞത് നന്നായി

വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കു തടയാന്‍ മികച്ച പഠന, നൈപുണ്യ സൗകര്യവും ശമ്പളവുമുള്ള തൊഴിലവസരങ്ങളും കേരളത്തില്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.* പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുകയാണ്. അവിടങ്ങളിലുള്ള മികച്ച സാഹചര്യം ഇവിടേയും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്സുകാര്‍ക്കും ഒരുക്കും. കേരളം യുവാക്കള്‍ക്കു യോജ്യമായ സ്ഥലമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ മുഖ്യമന്ത്രി ഒരു പ്രസ്താവന ഇറക്കി എന്നതിന്റെ കാരണം വ്യക്തമാണ്..

 ഇത് പ്രചരണം മാത്രമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് എന്ന തിരിച്ചറിവ് കൂടി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഗവൺമെന്റിനും ഉണ്ടായതിന് നന്ദി.
 എന്തുകൊണ്ട്?
 കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും, കാലഹരണപ്പെട്ട സിലബസും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതിൽ നിന്നും രക്ഷിതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നു.  ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അവർ ജോലിയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുമ്പോഴാണ് ഇവർ സ്വയം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നും പഠിച്ചിരുന്ന ഒരു കുട്ടിയുടെ ശരാശരി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ നിലവാരം മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് എഴുതാൻ കഴിയുന്ന കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത രീതിയിലുള്ള നിലവാര തകർച്ചയാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ഉണ്ടായിരിക്കുന്നത്.
 വിദ്യാഭ്യാസനിലവാര തകർച്ച
ഇതിന്റെ പല ഉദാഹരണങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരും മറ്റ് മേഖലകളിൽ  പ്രവർത്തിക്കുന്ന അറിയപ്പെടുന്നവർ ഒക്കെ ഇംഗ്ലീഷിലൂടെ അവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മുടെ പഠന നിലവാരത്തെ തുറന്നു കാണിക്കുന്നു.സമൂഹത്തിൽ ഉന്നതരായ വ്യക്തികളുടെ പ്രത്യേകിച്ചും സാമ്പത്തിക നിലവാരമുള്ള എല്ലാവരുടെയും മക്കളും ബന്ധുക്കളും പഠിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലാണ്.സർക്കാർ സ്കൂളുകളിൽ  അടിസ്ഥാന സൗകര്യങ്ങൾ അടക്കം സാധാരണപെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടോ എന്ന് ഇവിടുത്തെ ഭരണകർത്താക്കൾക്ക് ആലോചിക്കാൻ പോലും സമയമില്ല. കേരളത്തിലെ നാമമാത്രമായ ചില സ്കൂളുകളിൽ പേരിനു വേണ്ടി എന്തെങ്കിലും മാജിക്കുകൾ കാണിക്കുന്നത് അല്ലാതെ കേരളത്തിലെ ഒട്ടുമുക്കാലും  സ്കൂളിലും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യത്തിനായി ഒന്നും നടക്കുന്നില്ല എന്നത് ഒരു പൊതു ചർച്ചവിഷയമാണ്. ഭരണഘടനാപരമായി   അവകാശപ്പെട്ട സൗജന്യ വിദ്യാഭ്യാസം എന്ന ലിഖിത നിയമം നിലനിൽക്കെ നമ്മുടെ സംസ്ഥാനം ഭരിച്ച മുന്നണികൾ ഇത്തരം കാര്യങ്ങൾ വിസ്മരിച്ചിരിക്കുകയാണ്. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല ഇവിടെയുള്ളത്.ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു സിലബസും ഇല്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് 
 അഴിമതി  ഇവിടെയും
കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും പരീക്ഷകളിലും മറ്റും  കൃത്രിമം കാട്ടി സ്വന്തക്കാർക്കും സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും  ഇഷ്ടമുള്ള അക്കാഡമിക് ബിരുദങ്ങളും അംഗീകാരങ്ങളും നൽകുന്ന ഈ സംസ്ഥാനത്തു നിന്നും കുട്ടികൾ സ്വന്തം ജീവനുംകൊണ്ട് രക്ഷപ്പെടാനാണ് നോക്കുന്നത്. സമീപഭാവിയിൽ വൃദ്ധന്മാർ താമസിക്കുന്ന കുറെ വീടുകളും വൃദ്ധസദനങ്ങൾ മാത്രമുള്ള ഒരു കേരളമായിരിക്കും നാം കാണാൻ പോകുന്നത്.Read more