ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരേ സെക്രട്ടേറിയറ്റിലും ജില്ലാ കളക്ടറേറ്റുകളിലും* കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്കിടെ സംഘര്‍ഷം. നിയമസഭയ്ക്കു മുന്നിലേക്കു മാര്‍ച്ചു നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനം കത്തിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 13 നു യുഡിഎഫ് ജില്ലാ കളക്ടറേറ്റുകളില്‍ രാപ്പകല്‍ സമരം നടത്തും.
*◾ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും.* സുഡാന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങവേയണ് മാര്‍പാപ്പ ഇക്കാര്യം വെളിപെടുത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയിലെത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
*◾വ്യാജ ജനന സര്‍ട്ടിഫിക്കറ്റു തയാറാക്കി ദത്തെടുത്ത കുഞ്ഞിനെ* വീട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കി. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ദത്തെടുത്ത കുടുംബവും കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളും ഒളിവിലാണ്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ സഹോദരനാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയത്. കുഞ്ഞിനു ജന്മം നല്‍കിയ അമ്മ ആശുപത്രിയില്‍ നല്‍കിയ പേരും വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് വ്യക്തമായി. ഇതേസമയം, കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ. സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27 നാണ്.

