Type Here to Get Search Results !

Punalur Municipality-പുനലൂർ നഗരസഭയുടെ കെട്ടിടങ്ങൾ വാടക കൊടുക്കാതെ രാഷ്ട്രീയപാർട്ടിക്കാർ കൈയടക്കി വെച്ചതായി പരാതി

പുനലൂർ നഗരസഭയുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ പലതും വാടക കുടിശ്ശികയുടെ പേര് പറഞ്ഞ് സെക്രട്ടറിയും ഭരണ നേതൃത്വവും പൂട്ടിയിരുന്നു.എന്നാൽ സി പി എം നേതാക്കള്‍ വാടക നല്‍കാതെ നിരവധി കടകള്‍ വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന വിവരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്  ജി.ജയപ്രകാശ്.
പതിനായിരം രൂപ കുടിശ്ശികയുള്ള കടകള്‍ വരെ നഗരസഭാ ഭരണ സമിതിയും സെക്രട്ടറിയും ചേര്‍ന്ന് ഉദ്യോഗസ്ഥരെ അയച്ച്  പൂട്ടിയപ്പോള്‍ നഗരസഭയുടെ ഒരു കെട്ടിടത്തിലെ  കടമുറിക്ക് 5 ലക്ഷം രൂപയുടെ കുടിശ്ശികയുള്ള സി പി എം പാര്‍ട്ടി ഓഫീസ് ഇവര്‍ കണ്ടില്ലെന്ന് നടിച്ചത് എന്താണെന്ന്‌ ജയപ്രകാശ് ചോദിക്കുന്നു.

 2007 ല്‍ വെറും 700 രൂപ പ്രതിമാസ വാടക നിരക്കില്‍ ഒരു സി പി എം നേതാവിന്റെ പേരില്‍ സി ഐ ടി യു ഓഫീസ് ആയി പ്രവര്‍ത്തിച്ച കെട്ടിടം ഇപ്പോള്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയി  പ്രവര്‍ത്തിക്കുകയാണ്.
193 മാസങ്ങളായി ഒരു രൂപ പോലും വാടക അടച്ചിട്ടില്ല. വാടക തുകയും പിഴപലിശയും ചേര്‍ന്ന് ഇപ്പോള്‍ 5 ലക്ഷം രൂപയോളം കുടിശ്ശികയായതായി ജയപ്രകാശ് പറഞ്ഞു.
   

പാവപ്പെട്ടവരുടെ നിത്യവൃത്തിക്കായുള്ള കടകള്‍ അടച്ച് പൂട്ടിയ നഗരസഭാ സെക്രട്ടറി ലക്ഷങ്ങളുടെ കുടിശ്ശിക പിടിച്ചെടുക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നത് എന്താണെന്നും അദ്ദേഹം റ്റി എൻ ഐ ക്ക്‌ നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
കപടമായ ആദര്‍ശം പറയുന്ന സി പി എം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഓഫീസിന്റെ വാടക അടയയ്ക്കാന്‍ തയ്യാറാകണമെന്നും ജി ജയപ്രകാശ് പറയുന്നു.