Type Here to Get Search Results !

ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരന്‍.

ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരന്‍.* വേലുപ്പിള്ള പ്രഭാകരന്‍ തക്കസമയത്ത് പൊതുജനത്തിനു മുന്നില്‍ എത്തുമെന്നും പി നെടുമാരന്‍ തഞ്ചാവൂരില്‍ അവകാശപ്പെട്ടു.
ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെടുമാരൻ. 

‘‘തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നത്’’– അദ്ദേഹം പറഞ്ഞു. ‘തമിഴ് ഈഴം’ സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ അവകാശപ്പെട്ടു. 
2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.

കേരളം കൃത്യസമയത്തു രേഖകളും കണക്കുകളും ഹാജരാക്കാത്തതിനാലാണ് കേരളത്തിനുള്ള കേന്ദ്ര സാമ്പത്തിക വിഹിതം നല്‍കാത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.* ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. 2017 മുതല്‍ ഇക്കാര്യങ്ങളില്‍ കേരളം വീഴ്ച വരുത്തുന്നുണ്ട്. അയ്യായിരം കോടി രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം എന്‍.കെ. പ്രേമചന്ദ്രന്‍ ലോകസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ധനമന്ത്രിയുടെ മറുപടി.

*◾കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നു മാനേജ്മെന്റ്.* ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിരൂപ വേണം. കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കുശേഷം വിരമിച്ച 978 പേര്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട്. 23 പേര്‍ക്കേ നല്‍കാനായിട്ടുള്ളൂ. ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചാലേ നല്‍കാനാകൂ. വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നുണ്ട്. അച്ചടക്ക നടപടി നേരിട്ട 38 പേര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം നല്‍കാത്തത്. സത്യവാങ്മൂലത്തില്‍ പറയുന്നു.

*◾ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു.* ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപയുടെ  കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.

*◾നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി.* കേസില്‍ പുതുതായി 41 സാക്ഷികളെ കൊണ്ടുവന്നത് എന്തിനാണെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.  ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആറു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവുള്ള കേസില്‍ 24 മാസമായിട്ടും വിചാരണ നീട്ടുകയാണെന്ന് ദീലിപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിസ്തരിച്ച 10 പേരെ വീണ്ടും വിസ്തരിക്കുന്നതും വിചാരണ നീട്ടാനാണെന്നു വിശദീകരിച്ചു.

*◾പ്രണയം നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.* താമരശേരിയില്‍ കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24)നെയാണ് പിടികൂടിയത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് വരുന്നതു കണ്ട അമ്മ വാതില്‍ അടച്ചു. നാട്ടുകാരെ വിവരം അറിയിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു.

*◾നാളെ വാലന്റൈന്‍സ് ഡേ.* പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ സമ്മാനങ്ങളും ആശംസകളും കൈമാറും. പശുപുണരല്‍ ആഹ്വാനം പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

*◾കോണ്‍ഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളാണു ബിജെപി സര്‍ക്കാരും തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസിലാക്കി പ്രവര്‍ത്തിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലായതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
https://chat.whatsapp.com/JnQhYYqj0GK38KM71MOy0G
*◾ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.* സംസ്ഥാന സര്‍ക്കാര്‍ ആദ്യം മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിനും പ്രേരകിന്റെ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നല്‍കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അതു നോക്കണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

◾കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളാണ് കോടതി ഉത്തരവനുസരിച്ച് ഉടമകള്‍തന്നെ പൊളിച്ചു നീക്കുന്നത്.

◾നികുതി വര്‍ധനവിനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ അടയ്ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. രാജാവിനു കരിങ്കൊടി പേടിയാണെങ്കില്‍ ക്ളിഫ് ഹൗസിലിരിക്കണം, അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കണം. ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

◾മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിന്റെ മനപ്രയാസംമൂലം തൂങ്ങിമരിച്ച ആദിവാസി യൂവാവ് വിശ്വനാഥന്റെ കുടുംബത്തെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. മര്‍ദിച്ചു കൊന്നതാണെന്ന പരാതി അന്വേഷിക്കാന്‍ ഇടപെടുമെന്ന് ഉറപ്പു നല്‍കി.

◾കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍നിന്നു രോഗികളെ മാറ്റി.

◾ഇടുക്കിയിലെ കാട്ടാന ശല്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സൃഷ്ടിച്ചതല്ലെന്നും കോണ്‍ഗ്രസ് എന്തിനാണു സമരം  ചെയ്യുന്നതെന്നും സിപിഎം നേതാവ് എം എം മണി എംഎല്‍എ. കാട്ടാനശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു.

◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു.

◾കാന്താര സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവര്‍ ഇന്നും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ ഇന്നലേയും വിളിച്ചുവരുത്തിയിരുന്നു.

◾കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം. രണ്ടുപേര്‍ക്കു പരിക്ക്. രാമങ്കരി ഡിവൈഎഫ്ഐ  മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ജപ്തി ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയ്യൂബ് (60) ആണ് ജീവനൊടുക്കിയത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍നിന്നു വായ്പയെടുത്തതിന് ഒരു കോടി 38 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.

◾ഷാര്‍ജയില്‍ മലയാളി യുവാവിനെ പാക്കിസ്ഥാന്‍കാരന്‍ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി. ഷാര്‍ജയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കഫറ്റീരിയയില്‍ സുഹൃത്തുക്കളും പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ പാകിസ്ഥാന്‍കാരന്‍ കുത്തുകയായിരുന്നു.

◾കൊല്ലം കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബ്ലേഡു മാഫിയയുടെ കൊള്ളപ്പലിശയ്ക്ക് ഇരയായാണു ജീവനൊടുക്കിയതെന്ന് ആത്മഹത്യാകുറിപ്പ്. കൊല്ലം കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കടയ്ക്കോട് സ്വദേശി വി ബിജുവിന്റെ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരം. ഉദ്യോഗസ്ഥരില്‍നിന്നു പണം പലിശക്കു വാങ്ങിയിരുന്നുവെന്നും അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലെ ആരോപണം.

◾ഗര്‍ഭിണിയായ യുവതിക്ക് അമിതമായി ഇന്‍സുലിന്‍ നല്‍കിയെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിക്കു നേരെ ആക്രമണം. പൂവാര്‍ റോയല്‍ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് ആക്രമണം.

◾കൊച്ചിയില്‍ ബസുകളില്‍ പരിശോധനയുമായി പൊലീസ്. മദ്യപിച്ച് ബസോടിച്ച ആറു ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ടു കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെയും നാലു സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയുമാണു പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു.

◾കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് വന്‍ കഞ്ചാവ് വയനാട് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍  പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റു ചെയ്തു. 

◾അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബുധനാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും.

◾കേന്ദ്രസര്‍ക്കാരിനു കീഴില്‍ കെട്ടിടങ്ങള്‍ പൊളിക്കല്‍ ഭീഷണിയുമായി ഡല്‍ഹി വികസന അതോറിറ്റി. മലയാളികള്‍ അടക്കം അനേകര്‍ക്കാണു വീട് നഷ്ടമാകുന്നത്. നൂറിലധികം മലയാളി കുടുംബങ്ങള്‍ക്കും വീടുവിട്ടിറങ്ങാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.  നിയമപരമായ രേഖകളുണ്ടായിട്ടും അനധികൃത കെട്ടിടമെന്ന് ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു ബിജെപിയുടെ പ്രതികാരമാണു കെട്ടിടം പൊളിക്കല്‍ എന്നാണ് ആരോപണം.

◾ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്‍പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്നു ഭീഷണികളാണ് ത്രിപുരയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

◾ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ ഷോ ബെംഗളുരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

◾ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡല്‍ഹി സ്വദേശിയായ ഡോക്ടറെ അറസ്റ്റു ചെയ്തു. യുകെയിലേക്കു പോകാന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് 40 കാരനായ ഡോക്ടറെ പിടികൂടിയത്. മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം 2019 ല്‍ നിരോധിച്ചിരുന്നു.

◾നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷം ജയില്‍ ശിക്ഷ. ദേശദ്രോഹക്കുറ്റം ചുമത്തി പൗരത്വം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ റൊളാന്‍ഡോ അല്‍വാരസിനെ അറസ്റ്റു ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാലു വൈദികര്‍ക്കും മൂന്നു വൈദിക വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷം വീതം ജയില്‍ശിക്ഷയും വിധിച്ചിട്ടുണ്ട്.

◾ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ വേദി ധരംശാലയില്‍നിന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഗ്രൗണ്ട് പരിശോധിച്ച ബി.സി.സി.ഐ ക്യൂറേറ്ററുടെ റിപ്പോര്‍ട്ടില്‍ ഔട്ട്ഫീല്‍ഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് കണ്ടതിനാലാണ് നടപടി.

◾പ്രഥമ വനിതാ ഐപിഎല്ലിന്റെ താരലേലം ഇന്ന് മുംബയില്‍. തിരഞ്ഞെടുത്ത 409 പേരാണ് ലേലത്തില്‍ ഉള്‍പ്പെടുക. ഇതില്‍ 246 പേര്‍ ഇന്ത്യയില്‍നിന്നും 163 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ഉള്ളവരാണ്. അഞ്ചു ടീമുകളാണ് രംഗത്തുള്ളത്. ഓരോ ടീമിനും 15 മുതല്‍ 18 കളിക്കാരെ വരെ തിരഞ്ഞെടുക്കാം. ഏഴു വിദേശതാരങ്ങളുമാവാം. ഓരോ ടീമിനും ചെലവാക്കാവുന്ന പരമാവധി തുക 12 കോടി രൂപയാണ്.